ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാവെയിൽ പരമ്പര കളിക്കും; പരമ്പരയിൽ ഉണ്ടാവുക അഞ്ച് മത്സരങ്ങൾ

Update: 2024-02-06 14:01 GMT

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ട്വന്റി-20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് സൂചന.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ട്വന്റി-20 പരമ്പരകളൊന്നുമില്ല. ഐപിഎല്ലില്‍ കളിച്ചശേഷം താരങ്ങള്‍ നേരിട്ട് ട്വന്റി-20 ലോകകപ്പിനായി പോവും. 2016ലാണ് ഇന്ത്യ ഇതിനു മുമ്പ് സിംബാബ‌വെയുമായി ട്വന്റി-20 പരമ്പര കളിച്ചത്. അന്ന് 2-1ന് ഇന്ത്യ പരമ്പര നേടി.

ഇതുവരെ പരസ്പരം കളിച്ച എട്ട് ട്വന്റി-20 മത്സരങ്ങളില്‍ ആറിലും ഇന്ത്യ ജയിച്ചു. 2022ലെ ട്വന്റി-20 ലോകകപ്പിലാണ് ഇരു ടീമും അവസാനം പരസ്പരം ഏറ്റുമുട്ടിയത്. അന്ന് സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പര 1-1 സമനിലയാക്കിയ ഇന്ത്യ ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയില്‍ 3-0ന്‍റെ ആധികാരിക ജയം നേടിയിരുന്നു.

Tags:    

Similar News