കനത്ത മഴ, മോശം ഡ്രെയ്‌നേജ് സിസ്റ്റം; നോയ്ഡയിലെ അഫ്ഗാന്‍- ന്യൂസിലന്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍
ഗ്രെയ്റ്റര്‍ നോയ്ഡയിൽ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിൽ നടക്കേണ്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പോരാട്ടം ഇതുവരെ തുടങ്ങിയിട്ടില്ല. ഇന്നലെ മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ കളി ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ ഇന്നും മത്സരം തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മോശം ഡ്രെയ്‌നേജ് സൗകര്യങ്ങളാണ് പോരാട്ടം തുടങ്ങുന്നതിനു തടസമായി നിൽക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്തതും ഗ്രൗണ്ട് ഇന്നത്തേക്ക് ശരിയാക്കി എടുക്കുന്നതില്‍ അനിശ്ചിതത്വം കൂട്ടി. ഗ്രൗണ്ട് ഒരുക്കാന്‍ സാധിക്കാതെ വന്നതോടെ തുടരെ രണ്ടാം ദിവസവും ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചു. പ്രദേശത്ത് കുറച്ചു ദിവസമായി കനത്ത മഴയുണ്ട്. ഗ്രൗണ്ടിലെ വെള്ളം മാറ്റാൻ കഴിയാഞ്ഞതോടെ രണ്ടു ടീമുകളുടേയും പരിശീലന പോരാട്ടവും മുടങ്ങിയിരുന്നു.
ഒരേയൊരു ടെസ്റ്റ് പോരാട്ടമാണ് ന്യൂസിലന്‍ഡിന്റെ അഫ്ഗാനിസ്ഥാന്‍ പര്യടനത്തില്‍ നിശ്ചയിച്ചിരുന്നത്. സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം കുറച്ചു വര്‍ഷമായി അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഉത്തർപ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയമാണ്.