ഇന്ത്യൻ ടീമിന് തിരിച്ചടി; കെ എൽ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല, ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

Update: 2023-08-03 10:33 GMT

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ആരാധകർക്ക് വൻതിരിച്ചടി. കെ.എൽ രാഹുൽ ശ്രേയസ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഇരുവരും പരിക്കിൽ നിന്ന് പൂർണമായും മുക്തരായിട്ടില്ല എന്നതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ്.

അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഫിറ്റ്‌നസ് പുരോഗതി പങ്കുവെച്ചത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഏഷ്യാ കപ്പിലൂടെ ഇരുവരും ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. നെറ്റ്സിൽ തിരിച്ചെത്തിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ താരങ്ങൾ പൂർണ സജ്ജരല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. സെപ്തംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലൂടെ താരങ്ങൾ തിരിച്ചുവരവ് നടത്തിയേക്കും.

പൂർണമായി സുഖം പ്രാപിച്ചാൽ ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിലും താരങ്ങൾക്ക് ഇടം ലഭിച്ചേക്കും. ആഗസ്ത് 24 മുതൽ 29 വരെ ബെംഗളൂരുവിൽ നടക്കുന്ന ഏഷ്യാ കപ്പ് പ്രിപ്പറേറ്ററി ക്യാമ്പിൽ അവസാന ടീമിന്റെ ഘടനയും ബാറ്റിംഗ് ഓർഡറും നിശ്ചയിക്കും. സെപ്തംബർ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരം.

Tags:    

Similar News