28 പന്തിൽ സെഞ്ചുറി ; ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ചുറി ഇനി അഭിഷേക് ശർമയുടെ പേരിൽ
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ 28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. രാജ്‌കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് പഞ്ചാബിന് വേണ്ടി കളിക്കുന്ന അഭിഷേക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ടീം ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു. 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അഭിഷേക് നേടിയത്.
സയ്യിദ് മുഷ്താഖ് അലിയില്‍ ഇതേവര്‍ഷം ത്രിപുരയ്ക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനൊപ്പമാണ് അഭിഷേകിന്റെ സ്ഥാനമിപ്പോള്‍. ഇക്കാര്യത്തില്‍ റിഷഭ് പന്ത്, അഭിഷേകിന് പിന്നിലായി. 2018ല്‍ ഹിമാചല്‍ പ്രദേശിനെതിരെ പന്ത് 32 പന്തില്‍ സെഞ്ചുരി നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്ന രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. ഉര്‍വില്‍ പട്ടേല്‍ ഒരിക്കല്‍ 36 പന്തിലും സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ മത്സരം പഞ്ചാബ് ജയിക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ മേഘാലയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടി അര്‍പിത് ഭതേവാരയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. ബൗളിംഗിലും തിളങ്ങിയ അഭിഷേക് രണ്ട് വിക്കറ്റ് വീഴ്ത്തി. രമണ്‍ദീപ് സിംഗിനും രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 9.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹര്‍നൂര്‍ സിംഗ് (6), സലില്‍ അറോറ (1), സൊഹ്രാബ് ധലിവാല്‍ (22) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. രമണ്‍ദീപ് സിംഗ് (8) പുറത്താവാതെ നിന്നു. പഞ്ചാബ് ജയിച്ചെങ്കിലും ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്താനുള്ള സാധ്യത കുറവാണ്. ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ അവര്‍ നാലാം സ്ഥാനത്താണ്. 20 പോയിന്റാണ് ടീമിനുള്ളത്. ആറില്‍ അഞ്ചും ജയിച്ച രാജസ്ഥാനാണ് ഒന്നാമത്. 20 പോയിന്റാണ് അവര്‍ക്ക്. നെറ്റ് റണ്‍റേറ്റിലും ടീം മുന്നിലാണ്.