ലോക കപ്പിന് ഇനി മുപ്പത് നാൾ ; തുർക്കി സൈനിക വിഭാഗം ദോഹയിൽ എത്തി

Update: 2022-10-20 07:54 GMT

 

ദോഹ : ലോകകപ്പിന് ഇനി 30 ദിവസങ്ങൾ ബാക്കി നിൽക്കെ തുർക്കി സൈനിക വിഭാഗം ഖത്തറിൽ എത്തി. സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് സൈന്യം ഖത്തറിൽ എത്തിയിരിക്കുന്നത്. സൈനികരെ അംബാസിഡർ മുസ്തഫ ഗോക്സു സ്വാഗതം ചെയ്തു.ടൂർണമെന്റിന്റെ വിജയത്തിനായി ഖത്തറിനൊപ്പം പ്രവർത്തിക്കാനും ആവശ്യമായ പിന്തുണ നൽകാനും തുർക്കി എപ്പോഴും തയ്യാറാണെന്നും എംബസി ട്വിറ്ററിൽ കുറിച്ചു.

ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി, നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി കലാപ പ്രതിരോധ പോലീസ്, ബോംബ് സ്‌പെഷ്യലിസ്റ്റുകൾ, സ്‌നിഫർ നായ്ക്കൾ എന്നിവ ഉൾപെടെയുള്ള സംഘത്തെയാണ് അങ്കാറ ഖത്തറിൽ വിന്യസിക്കുക.നേരത്തെ പാക്കിസ്ഥാനിൽ നിന്നുള്ള സൈനിക വിഭാഗവും ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാവാൻ ഖത്തറിൽ എത്തിയിട്ടുണ്ട്.

32 രാജ്യങ്ങൾ കൊമ്പുകോർക്കുന്ന കാൽപന്ത് പോരാട്ടത്തിൽ ആദ്യ സംഘമായ ജപ്പാൻ ടീം നവംബർ 7  ന് ഖത്തറിൽ  എത്തും. നാട്ടിലേക്ക് മടങ്ങും വരെ 32 ടീമുകൾക്കും ഒരേ സ്ഥലത്തു തന്നെയായിരിക്കും താമസവും പരിശീലനവും ഉണ്ടായിരിക്കുക. ഇതിനോടകം 28 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഖത്തറാണ് ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങിയിരിക്കുന്നത്. യു എ ഇ, സൗദി അറബ്യ, അമേരിക്ക, അർജന്റീന, ബ്രസിൽ, ഫ്രാൻസ്, ജർമ്മനി, മെക്സിക്കോ തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നുമാണ് ഖത്തർ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ ടിക്കറ്റുകൾ വാങ്ങിയിട്ടുള്ളത്.

Similar News