മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം; യുവാവ് അറസ്റ്റിൽ

Update: 2024-09-29 04:58 GMT

മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്മപൂരിൽ വച്ചായിരുന്നു അതിക്രമം നടന്നത്. 

അധിക്ഷേപ പരാമർശങ്ങളുമായി അൻഷുൽ കച്ചവടക്കാരനെ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇയാൾ തന്നെ അപ്ലോഡ് ചെയ്തത്. ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഉത്തർ പ്രദേശുകാരനായ ഷാറോസിനെ ബംഗ്ലാദേശിയെന്ന് അടക്കം ഇയാൾ ആക്രമണത്തിനിടെ വിളിച്ചിരുന്നു. പാന്റ് അഴിക്കാനും തിരിച്ചറിയൽ കാർഡ് കാണിക്കാനും മർദ്ദനത്തിനിടെ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കാരനാണെന്ന് കച്ചവടക്കാരൻ പറഞ്ഞതോടെയായിരുന്നു മർദ്ദനം. ഇടയിൽ എന്താണ് വിവരമെന്ന് തിരക്കുന്നവരോട് മുസ്ലിം ആണെന്ന് പറഞ്ഞ് യുവാവ് മർദ്ദനം തുടരുകയായിരുന്നു. 

ഇയാൾക്ക് ആക്രമണ വീഡിയോ ചിത്രീകരിച്ച് നൽകിയ ഹിമന്ത് എന്ന യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻഷുലിനെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ പല കോണിൽ നിന്നായി പൊലീസിനെതരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാൽ ആക്രമണം ബോധത്തോടെ ആയിരുന്നില്ലെന്നും ഉറക്കത്തിനിടെ സംഭവിച്ചതാണെന്നുമാണ് യുവാവ് പൊലീസിനോട് വിശദമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Tags:    

Similar News