കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി, മെയ് 7ന് ജാമ്യാപേക്ഷ പരിഗണിക്കും
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സിയോടും കെജ്‌രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിര്‍ദേശിച്ചു.
ഇടക്കാല ജാമ്യം പരിഗണിക്കും മുന്‍പ് ഇഡിയെ കേള്‍ക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.