തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമില്ല; മോദി സര്‍ക്കാരിന്റെ പ്രതികാരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതിയുടെ പേരില്‍ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ പണമില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇ.ഡി യും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും വലിയ പിഴ ചുമത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
ജനങ്ങളുടെ പണമാണ് പാര്‍ട്ടി അക്കൗണ്ടിലുള്ളത്. ഇതാണ് കേന്ദ്രം മരവിപ്പിച്ചിരിക്കുന്നത്. ഇതേ സമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് വെളിപ്പെടുത്താന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നത് കൊണ്ടാണെന്നും ഖാര്‍ഗെ ആരോപിച്ചു. മോഷണവും തെറ്റായ കാര്യങ്ങളും പുറത്ത് വരുമെന്നത് കൊണ്ടാണ് സമയം നീട്ടി ചോദിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
അഞ്ചുകൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികതി വകുപ്പ് മരവിപ്പച്ചത്. 210 കോടി പിഴയും ചുമത്തിയിരുന്നു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടേയും അംഗത്വത്തിലൂടേയും സമാഹരിച്ച തുകയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മാര്‍ച്ച് എട്ടിന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു 210 കോടി രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെട്ടത്.