ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് രാഹുൽ ഗാന്ധി; അട്ടിമറി സംശയിക്കുന്നു, പാർട്ടി പരിശോധിക്കും
ഹരിയാനയിലെ തോൽവി അപ്രതീക്ഷിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തോൽവിയെക്കുറിച്ച് പാർട്ടി പരിശോധിക്കും. ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി സംശയിക്കുന്നു. നിരവധി മണ്ഡലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഹുൽഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം നേടിയത് ഇന്ത്യയുടെ ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണ്. വിജയത്തിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും രാഹുൽഗാന്ധി വ്യക്തമാക്കി.
ഹരിയാനയിൽ തുടക്കത്തിൽ ലീഡ് നേടിയശേഷമായിരുന്നു കോൺഗ്രസ് തകർന്നത്. 90 അംഗ നിയമസഭയിൽ 37 സീറ്റുകൾ മാത്രമേ കോൺഗ്രസിന് നേടാനായൂള്ളൂ. 48 സീറ്റു നേടി ബിജെപി തുടർച്ചയായി മൂന്നാംവട്ടവും അധികാരം ഉറപ്പിച്ചു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ്- സിപിഎം പാർട്ടികളുടെ ഇന്ത്യ മുന്നണി 49 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് 29 സീറ്റേ നേടാനായുള്ളൂ.