മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപി; അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി

Update: 2024-10-05 02:55 GMT

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരംഭിച്ചു. 90 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ 7 മണി മുതൽ തന്നെ പലയിടത്തും വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും ഒരു ദശാബ്ദത്തിനിപ്പുറം അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും തുനിഞ്ഞിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടത്തിനാകും ഹരിയാന സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്. 

മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്, ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ള പ്രമുഖർ. ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി), അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) എന്നിവർ കിംഗ് മേക്കർമാരാകാൻ ലക്ഷ്യമിട്ടാണ് പോരിനിറങ്ങുന്നത്. 

20,632 പോളിംഗ് ബൂത്തുകളിലായി 2 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. മൊത്തം വോട്ടർമാരിൽ 1,07,75,957 പേർ പുരുഷന്മാരും 95,77,926 പേർ സ്ത്രീകളും 467 പേർ ട്രാൻസ്‌ജെൻഡർമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 18 നും 19 നും ഇടയിൽ പ്രായമുള്ള 5,24,514 വോട്ടർമാരും 1,49,142 ഭിന്നശേഷി വോട്ടർമാരുമുണ്ട്. അതിൽ 93,545 പേർ പുരുഷന്മാരും 55,591 പേർ സ്ത്രീകളും 6 പേർ ട്രാൻസ്‌ജെൻഡർമാരുമാണ്. 89,940 പുരുഷന്മാരും 1,41,153 സ്ത്രീകളും ഉൾപ്പെടെ ആകെ 2,31,093 വോട്ടർമാർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിന് പുറമെ, 3,283 പുരുഷന്മാരും 5,538 സ്ത്രീകളും ഉൾപ്പെടെ 100 വയസ്സിനു മുകളിൽ പ്രായമുള്ള 8,821 വോട്ടർമാരുണ്ട്.

Tags:    

Similar News