തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്; രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല: ട്രംപിന് വെടിയേറ്റതിൽ പ്രതികരിച്ച് മോദി
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യു.എസ്. മുൻപ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സിൽ കുറിച്ചു.
'എന്റെ സുഹൃത്ത് യു.എസ്. മുൻപ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ട്രംപിൻ്റെ വലതുചെവിക്ക് വെടിയേറ്റു. സംഭവസ്ഥലത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി സുരക്ഷിതനാക്കി.