യൂണിഫോം സിവിൽ കോഡും , ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഉടൻ ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം ഉടൻ പാസാക്കുമെന്നും അത് യാഥാർത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേലിൻ്റെ 149-ആം ജന്മവാർഷികത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പിലാക്കാൻ വേണ്ടി പ്രയത്നിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും ഇത് സഹായിക്കും' പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് പുറമെ രാജ്യത്ത് ഏകീകൃത സിവിൽ കോഡും യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.