മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി ശിവസേന യു.ബി.ടി നേതാവ് ഉദ്ധവ് താക്കറെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡിയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. എൻ.സി.പി നേതാവ് ശരത് പവാർ, കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ എന്നിവർക്കൊപ്പം നടന്ന പത്രസമ്മേളനത്തിലായിരുന്നു താക്കറെയുടെ പരാമർശം. അതേസമയം ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും താക്കറെ തള്ളി.
ഇത് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ സർക്കാർ മോദി സർക്കാരായിരുന്നു, ഇപ്പോൾ അത് എൻഡിഎ സർക്കാരായി മാറിയിരിക്കുന്നു. ഇനി എത്രകാലം ഈ സർക്കാർ നിലനിൽക്കുമെന്ന് കണ്ടറിയണമെന്നും താക്കറെ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ മഹാ വികാസ് അഘാഡി തെറ്റായ വിവരണങ്ങളാണ് നടത്തിയതെന്ന ബി.ജെ.പിയുടെ വാദത്തിനെതിരെയും താക്കറെ രംഗത്തെത്തിയിരുന്നു. എം.വി.എയുടെ വിവരണത്തെ ചോദ്യം ചെയ്യുമ്പോൾ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഉപയോഗിച്ച തെരഞ്ഞെടുപ്പ് വിവരണവും മാംഗല്യസൂത്ര പരാമർശവും എന്തായിരുന്നു. നാന്നൂറ് സീറ്റ് എന്ന വാദം മോദി തന്നെയാണ് ഉന്നയിച്ചത്. മോദിയുടെ വാഗ്ദാനമായ അച്ഛേ ദിന്നിന് എന്ത് സംഭവിച്ചു. മോദിയുടെ ഗ്യാരന്റികൾ എവിടെപോയി. ദേവേന്ദ്ര ഫഡ്നാവിസ് എം.വി.എ സർക്കാരിനെ ഓട്ടോറിക്ഷയോട് ഉപമിച്ചിരുന്നു. ഇപ്പോൾ കേന്ദ്രത്തിലെ ബി.ജെ.പിയുടെ അവസ്ഥയും സമാനമാണെന്നും താക്കറെ തുറന്നടിച്ചു.
അതേസമയം മഹാരാഷ്ട്രയിൽ സഖ്യത്തിനൊപ്പം നിന്ന ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കാണിച്ച സ്നേഹം അസംബ്ലി തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചവാൻ കൂട്ടിച്ചേർത്തു.