നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന സംഭവം; പ്രതികൾക്ക് ബിജെപി ബന്ധം; അശോക് ഗെലോട്ട്

Update: 2023-11-13 05:24 GMT

പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തിലെ പ്രതികൾക്ക് ബിജെപി ബന്ധമുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നവംബർ 25ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) പകരം രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കേസ് കൈകാര്യം ചെയ്തിരുന്നെങ്കിൽ അന്വേഷണം യുക്തിസഹമായി നീങ്ങുമായിരുന്നുവെന്ന് ഞായറാഴ്ച ജോധ്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

2022 ജൂൺ 28നാണ് ഉദയ്പുരിലെ ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ (48) കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി, മുഹമ്മദ് റിയാസ് അൻസാരി തുടങ്ങി അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചകനെതിരായ വിവാദ പരാമർശത്തിൽ നൂപുർ ശർമയെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.

'ഇതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നു. അറിഞ്ഞയുടൻ ഞാൻ നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി ഉദയ്പുരിലേക്ക് പോയി. എന്നാൽ ഉദയ്പുർ സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷവും ബിജെപിയുടെ നിരവധി ഉന്നത നേതാക്കൾ ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.' ഗെലോട്ട് പറഞ്ഞു. സംഭവം നടന്ന ദിവസം തന്നെ എൻഐഎ കേസ് എടുത്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എതിർപ്പൊന്നും ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

'എൻഐഎ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആർക്കും അറിയില്ല. ഞങ്ങളുടെ എസ്ഒജി കേസ് പിന്തുടർന്നിരുന്നെങ്കിൽ, കുറ്റവാളികളെ ഇപ്പോൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമായിരുന്നു. കുറ്റവാളികൾക്ക് ബിജെപിയുമായി ബന്ധമുണ്ട്. സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് മറ്റു ചില കേസിൽ ഈ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ചില ബിജെപി നേതാക്കൾ അവരെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.' മുഖ്യമന്ത്രി ആരോപിച്ചു.

തിരഞ്ഞെടുപ്പിലെ പരാജയം മനസ്സിലാക്കിയ ബിജെപി വിചിത്രമായ അവകാശവാദങ്ങളുമായി വരുന്നു എന്നതാണ് കാര്യം. ഞങ്ങൾ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും ഞങ്ങൾ കൊണ്ടുവന്ന നിയമങ്ങളെക്കുറിച്ചും അവർ ഒരക്ഷരം മിണ്ടുന്നില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News