പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Update: 2024-07-02 08:37 GMT

പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയ ലോക്‌സഭാ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യം സത്യമായി തന്നെ നിലനിൽക്കുമെന്നും അത് മായ്ച്ചുകളയാനാവില്ലെന്നുമാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

''മോദിജിക്ക് സത്യത്തെ മായ്ച്ചുകളയാൻ കഴിഞ്ഞേക്കാം. എന്നാൽ യഥാർഥത്തിൽ സത്യത്തെ ഇല്ലാതാക്കാനാവില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷേ, സത്യം സത്യമാണ്'' എന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.

ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്‌സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്. രാഹുൽ ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച് മോദി ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മുഴുവൻ ഹിന്ദുക്കളുടെയും ഉത്തരവാദിത്തം മോദിയേയും ബി.ജെ.പിയേയും ആരും ഏൽപ്പിച്ചിട്ടില്ലെന്ന് രാഹുൽ സഭയിൽ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News