ട്രാൻസ്ജെൻഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങൾ ഒരുക്കുന്നതിനായി ആദ്യ ട്രാൻസ്ജെൻഡർ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവർ, ട്രെയിനികൾ, ഇന്റേണുകൾ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാൻസ്ജെൻഡറുകൾക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം. ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാൻസ്‌ജെൻഡറുകൾക്കുണ്ടെന്ന് നയത്തിൽ വ്യക്തമാക്കുന്നു.
പ്രധാന നിർദേശങ്ങൾ
(1) ലിംഗവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാർക്കും തുല്യ അവസരമൊരുക്കണം
(2) ലിംഗപരമായ വിവേചനത്തിന്റെ പേരിൽ നിയമനം, സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ നിഷേധിക്കരുത്. യോഗ്യതയാകണം അടിസ്ഥാനമാനദണ്ഡം
(3) പേര്, ലിംഗം തുടങ്ങിയവ തിരഞ്ഞെടുക്കാൻ ജീവനക്കാരന് സ്വാതന്ത്ര്യമുണ്ട്. ജീവനക്കാരൻ നിർദേശിക്കുന്ന പേരും സർവനാമവും അതേപടി രേഖയിൽ ഉൾപ്പെടുത്തണം
(4) തൊഴിലിടങ്ങളിൽ അതിക്രമങ്ങളുണ്ടായാൽ കർശന നടപടിയുണ്ടാകും. സ്ഥാപനമേധാവിക്കാണ് പരാതി നൽകേണ്ടത്
(5) ജീവനക്കാരുടെ വ്യക്തിവിവരങ്ങളിൽ സ്വകാര്യത ഉറപ്പാക്കണം