ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം ; ജാമ്യം ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

Update: 2024-06-25 03:53 GMT

ഡല്‍ഹി മദ്യ നയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിര്‍ണായകം. വിചാരണക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കാട്ടി ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

മദ്യനയ അഴിമതികേസില്‍ കെജ്‍രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിൻ വിധി പറയും.വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ഇതിന് പിന്നാലെ ഡല്‍ഹി ഹൈക്കോടതി കെജ്‍‌രിവാളിന്‍റെ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു .

അതേസമയം ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്‍രിവാള്‍ നല്‍കിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും . ഹൈക്കോടതി അന്തിമ ഉത്തരവിട്ടതിനുശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ ജാമ്യം സ്‌റ്റേ ചെയ്ത് അന്തിമ ഉത്തരവിടാനായി മാറ്റിയത് അസാധാരണമാണെന്നും സുപ്രിം കോടതിയുടെ അവധിക്കാല ബഞ്ച് നിരീക്ഷിച്ചിരുന്നു. കെജ്‍രിവാളിന് ജാമ്യം അനുവദിക്കരുതെന്ന് കാട്ടി ഇ.ഡി ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട് .വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്നും സത്യവാങ്മൂലത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News