ഡ്രജ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം; ജൂൺ 30 വരെ സമയം നൽകി സുപ്രീംകോടതി

Update: 2024-04-26 10:17 GMT

മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നൽകി സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിയത്.

ജൂൺ മുപ്പത് വരെയാണ് ജസ്റ്റിസ് അഭയ് എസ്.ഒ.കെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നൽകിയത്. ഇനി സമയം നീട്ടി നൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

നേരത്തെ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗടറി കൈമാറിയെന്നും ഇതിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേന്ദത്തിന്‍റെ ഇടപടൽ കൂടി ഉണ്ടായാലേ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാനാകൂ എന്നും സംസ്ഥാനം സുപ്രീംകോടതിയിൽ അറിയിച്ചു. ഇത് കണക്കിലെടുത്ത്  ഉത്തരവിന്‍റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്ന് ജേക്കബ് തോമസ് കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണം വർഷങ്ങളായി നീട്ടുപോയിട്ടും ഒരു തെളിവും കണ്ടെത്താനായില്ലെന്ന് ജേക്കബ് തോമസ് കോടതിയെ അറിയിച്ചു.

ജൂലായ് 15 -ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദും ഹാജരായി. ജേക്കബ് തോമസിനായി അഭിഭാഷകൻ എ കാർത്തിക്കും മറ്റൊരു ഹർജിക്കാരാനായ സത്യൻ നരവന്നൂരിനായി അഭിഭാഷകൻ കാളിശ്വേരം രാജും ഹാജരായി. 

Tags:    

Similar News