2029 മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ്

Update: 2024-03-15 02:04 GMT

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029 മുതൽ നടപ്പാക്കാനുള്ള ശുപാർശയുമായി സമിതി. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ സമർപ്പിച്ചത്. കേരളത്തിലുൾപ്പെടെ പലസംസ്ഥാനങ്ങളിലും അടുത്ത സർക്കാരിന്റെ കാലാവധി നേരത്തേ തീരാൻ വഴിതുറന്നു. മറ്റ് പലസംസ്ഥാനങ്ങളിലും സർക്കാരുകളുടെ കാലാവധി നീട്ടേണ്ടിയും വരും.

ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കി ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഇക്കൊല്ലം കേന്ദ്രത്തിൽ വരുന്ന പുതിയ സർക്കാരാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കേണ്ടത്. ഇതിന് ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരിക്കണം.

2026ലാണ് കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും അസംബ്ളി തിരഞ്ഞെടുപ്പ്.ഇത് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ന‌ടത്തിയാൽ ഈ സംസ്ഥാന സർക്കാരുകളുടെ കാലാവധി മൂന്നുവർഷം മാത്രമാകും. അതേസമയം, കർണാടക, തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സർക്കാരുകളുടെ കാലാവധി 2028ലാണ് തീരുന്നത്. ഇവിടങ്ങളിൽ ഒരു വർഷം കാലാവധി നീട്ടേണ്ടി വരും.അല്ലെങ്കിൽ ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.

ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണം. ഒറ്റ തിരഞ്ഞെടുപ്പിനെ കോൺഗ്രസ്, ഡി.എം.കെ, സമാജ്‌വാദി, ആം ആദ്മി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, തൃണമൂൽ തുടങ്ങി 47 പാർട്ടികൾ എതിർത്തിരുന്നു. അനുകൂലിച്ച 32 പാർട്ടികളിൽ ബി.ജെ.പിയും എൻ.പി.പിയും മാത്രമാണ് ദേശീയ കക്ഷികൾ.

രാംനാഥ് കൊവിന്ദ്, സമിതി അംഗങ്ങളായ കേന്ദ്ര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവർ ചേർന്നാണ് 18,626 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. 2023 സെപ്‌തംബറിലാണ് സമിതി രൂപീകരിച്ചത്.

Tags:    

Similar News