ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സൈനികന് പരുക്ക്; ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു

Update: 2024-06-13 04:46 GMT

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് പുലർച്ചെ വീണ്ടും ഭീകരാക്രമണം. സൈനിക പോസ്റ്റിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റു. നാലു ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. മൂന്നോ നാലോ പേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്ന് ഉന്നത പൊലീസുദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയും ദോഡയിൽ സൈനിക പോസ്റ്റിനുനേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിൽ രാഷ്ട്രീയ റൈഫിൾസിന്റെ 5 സൈനികർക്കും ഒരു സ്‌പെഷൽ പൊലീസ് ഓഫിസർക്കും പരുക്കേറ്റു. കത്വയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജൂൺ 9ന് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിലേക്കു കൂടുതൽ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന 4 ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു പൊലീസ് പുറത്തുവിട്ടു.

Tags:    

Similar News