'തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബിജെപിയിൽ ചേരും'; ആരോപണവുമായി ബിആർഎസ് നേതാവ് കെ.ടി രാമറാവു
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേരുമെന്ന് മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെ.ടി രാമറാവു. "ഇതുവരെ 15 തവണ പറഞ്ഞു, രേവന്ത് റെഡ്ഡി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. ഈ ഭൂമിയിലെ ചെറിയ കാര്യങ്ങളില്‍ വരെ അഭിപ്രായം പറയുന്ന ആളാണ് അദ്ദേഹം. ഞാനൊരു പ്രത്യേക ആരോപണം ഉന്നയിച്ചിട്ടുണ്ട്- രേവന്ത് റെഡ്ഡി കോൺഗ്രസിൽ തുടരില്ല.രേവന്ത് റെഡ്ഡി മാത്രമല്ല ദക്ഷിണേന്ത്യയിലെ മറ്റൊരു നേതാവും ബി.ജെ.പിയില്‍ ചേരും''കെടിആര്‍ പറഞ്ഞു. "രേവന്ത് റെഡ്ഡിയുടെ പെരുമാറ്റം നോക്കൂ. ഒരു വശത്ത് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന് രാഹുൽ ഗാന്ധി പറയുന്നു. മറുവശത്ത് 'കാവല്‍ക്കാരന്‍ ഞങ്ങളുടെ ഏറ്റവും അടുത്ത സഹോദരനാണ്' എന്ന് രേവന്ത് പറയുന്നു. സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനുള്ളിൽ ആറ് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് 100 ദിവസം മുമ്പ് കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇന്ന്, ഈ ഗ്യാരണ്ടികളുടെ അടിസ്ഥാനത്തിൽ എന്താണ് നൽകിയതെന്ന് ജനങ്ങൾക്ക് മുന്നിൽ വന്ന് വിശദീകരിക്കാൻ അവർക്ക് ധൈര്യമില്ല'' രാമറാവു ആരോപിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് നിലയും അദ്ദേഹം പ്രവചിച്ചു. കോൺഗ്രസ് പാർട്ടി രാജ്യത്താകെ 50 സീറ്റുകൾ കടക്കില്ലെന്നും ബിആർഎസ് നേതാവ് പറഞ്ഞു.കഴിഞ്ഞ മാസം, സെക്കന്തരാബാദിൽ നടന്ന പാർട്ടി യോഗത്തിൽ, താൻ എക്കാലവും കോൺഗ്രസിൽ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കെടിആർ രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു.മാത്രമല്ല, തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ ചേരുമെന്ന ആരോപണത്തിലും റെഡ്ഡി മൗനം പാലിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരം വിമർശനങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും കെടിആര്‍ ചോദിച്ചു.