ദളിത് വിദ്യാർഥികളെക്കൊണ്ട് ശൗചാലയം കഴുകിച്ചു; തമിഴ്നാട്ടിൽ പ്രഥമാധ്യാപിക അറസ്റ്റിൽ

Update: 2022-12-04 05:27 GMT

ദളിത് വിദ്യാർഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിച്ച പ്രഥമാധ്യാപികയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് ഇറോഡ് ജില്ലയിലെ പാലക്കരൈയിലെ പഞ്ചായത്ത് യൂണിയൻ ഹൈസ്‌കൂൾ പ്രഥമാധ്യാപിക ഗീതാറാണിയാണ് ശനിയാഴ്ച അറസ്റ്റിലായത്. പട്ടികജാതിയിൽപ്പെട്ട ആറു വിദ്യാർഥികളെക്കൊണ്ടാണ് പ്രഥമാധ്യാപിക സ്‌കൂളിലെ ശൗചാലയം കഴുകിച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നവംബർ 30- ന് ഗീതാറാണിയെ സസ്പെൻഡ് ചെയ്തു. ഒളിവിൽപ്പോയ ഇവരെ ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്. കുട്ടികളിലൊരാളുടെ രക്ഷാകർത്താവായ ജയന്തി നൽകിയ പരാതിയിലാണ് അറസ്റ്റ്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഈ വിവരം വെളിപ്പെട്ടതെന്നും ജയന്തി പറയുന്നു. ശൗചാലയം കഴുകാൻ പോകുന്നതുകൊണ്ടാണ് കൊതുകുകടിയേറ്റതെന്ന് മകൻ പറഞ്ഞു. ബാലാവകാശ നിയമപ്രകാരവും പട്ടിക ജാതിക്കാർക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News