തമിഴ് നടൻ ശരത് കുമാർ ഇനി ബിജെപിക്കൊപ്പം; ശരത് കുമാറിന്റെ പാർട്ടി ' ആൾ ഇന്ത്യ സമത്വ മക്കള്‍ കക്ഷി' ബിജെപിയിൽ ലയിച്ചു
തമിഴ്നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്‍റെ ' ആൾ ഇന്ത്യ സമത്വ മക്കള്‍ കക്ഷി' ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. 'സമത്വ മക്കള്‍ കക്ഷി' തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.
അതേസമയം തെന്നിന്ത്യൻ സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനും വിജയും ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് തങ്ങളുടെ പാര്‍ട്ടികളുമായി സജീവമാണ്. കമല്‍ മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് തമിഴ്നാട്ടില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന നിലപാടിലാണ്. വിജയ് തന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യം നല്‍കുന്ന രാഷ്ട്രീയ പ്രതികരണം തന്നെ പൗരത്വനിയമ ഭേദഗതിക്ക് എതിരെയുള്ളതാണ്. ഇതോടെ വിജയും ബിജെപിക്ക് എതിരായ രാഷ്ട്രീയചേരിയിലാണെന്നത് വ്യക്തമായി.