ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ജയന്ത് സിൻഹ

Update: 2024-05-23 07:00 GMT

ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിൻഹ രം​ഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പ​ങ്കെടുക്കാത്തതിനും വോട്ട് ചെയ്യാത്തതിനുമാണ് ജയന്ത് സിൻഹക്ക് നോട്ടീസ് നൽകിയത്. ഇപ്പോൾ ഇക്കാര്യത്തിലാണ് എം.പിയുടെ പ്രതികരണം വന്നിരിക്കുന്നത്. പോസ്റ്റൽ ബാലറ്റിലൂടെ താൻ വോട്ട് രേഖപ്പെടുത്തിയതായിൈ അദ്ദേഹം അവകാശപ്പെട്ടു.

മാത്രമല്ല മണ്ഡലത്തിൽ മനീഷ് ജയ്സ്‍വാളി​നെ സ്ഥാനാർഥിയാക്കിയത് മുതൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ജയന്ത് സിൻഹ പറഞ്ഞു. ജയ്സ്വാളിനെ സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ അഭിനന്ദനവുമായി താൻ രംഗത്തെത്തിയിരുന്നുവെന്നും സമൂഹമാധ്യമങ്ങ​ളിൽ സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ താൻ പ​ങ്കെടുക്കണമെങ്കിൽ നേതൃത്വം ബന്ധപ്പെടണം. പാർട്ടി മുതിർന്ന നേതാക്കളാരും പ്രചാരണ പരിപാടികൾക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും ജയന്ത് സിൻഹ കൂട്ടിച്ചേർത്തു.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ജയന്ത് സിൻഹ ​മാർച്ചിൽ തന്നെ അറിയിച്ചിരുന്നു. തുടർന്ന് ഝാർഖണ്ഡിലെ ഹസാരിബാഗ് സീറ്റിൽ മനീഷ് ജയ്സവാളിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ജയന്ത് സിൻഹ പാർട്ടിയെ അപമാനിച്ചുവെന്ന് കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി.ജെ.പി ജനറൽ സെക്രട്ടറി ആദിത്യ സാഹുവാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അതേസമയം മാർച്ച് രണ്ടിന് എക്സിലെ പോസ്റ്റിലൂടെയാണ് തനിക്ക് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ജയന്ത് സിൻഹ അറിയിച്ചത്. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് തനിക്ക് താൽപര്യമെന്നായിരുന്നു സിൻഹ പറഞ്ഞത്. സ്ഥാനാർഥിത്വത്തിൽ തന്നെ ഒഴിവാക്കണമെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ മകനാണ് ജയന്ത് സിൻഹ. ജയന്തിന്റെ മകൻ ആശിഷ് സിൻഹ കഴിഞ്ഞയാഴ്ച ഇൻഡ്യ സഖ്യ റാലിയിൽ പ​ങ്കെടുത്തിരുന്നു.

Tags:    

Similar News