സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ; അനുനയിപ്പിക്കാൻ നീക്കവുമായി സംസ്ഥാന നേതാക്കൾ

Update: 2024-06-10 08:39 GMT

ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി. പദവിയിൽ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വല്ലാത്ത അവസരമായിപ്പോയി. എന്റെ ആഗ്രഹം എന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ഇനിയും ചോദിക്കും എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. കൂടുതൽ വകുപ്പുകളിൽ ഇടപെടാനുള്ള ആഗ്രഹം സഹമന്ത്രി സ്ഥാനം കൊണ്ട് സാധിക്കില്ലല്ലോ എന്ന ചോദ്യത്തോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

തൃശൂരിലെ ഉജ്ജ്വല വിജയത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി സുരേഷ് ഗോപിയുടെ അടുത്തവൃത്തങ്ങൾക്കിടയിലുമുണ്ട്. സിനിമയുടെ തിരക്ക് പറഞ്ഞ് മാറിനിൽക്കാനും തൃശൂരിൽ കൂടുതൽ സജീവമാകാനും സുരേഷ് ഗോപി ആലോചിക്കുന്നു. സഹമന്ത്രി സ്ഥാനത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വം നൽകുന്ന സൂചന. പകരം സുരേഷ് ഗോപിക്ക് കൂടുതൽ താൽപര്യമുള്ള വകുപ്പുകൾ നൽകിയേക്കാം.

എന്നാൽ ഇടഞ്ഞ സുരേഷ് ഗോപിയെ മെരുക്കാനുള്ള മാർഗങ്ങൾ തേടുകയാണ് ബിജെപി നേതൃത്വം. എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണൻ എന്നിവർ സുരേഷ് ഗോപിയുമായി ഡൽഹിയിൽ ചർച്ച നടത്തുകയാണ്. സഹമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ തൃശൂരിൽ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ നിലപാട്. നിലവിൽ സഹമന്ത്രി സ്ഥാനത്ത് തുടരുകയും അടുത്ത മന്ത്രിസഭാ വികസന സമയത്ത് പദവി ഉയർത്താമെന്ന ഫോർമുലയും മുന്നോട്ടുവച്ചിട്ടുണ്ട്.

Tags:    

Similar News