മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നല്‍കിയ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അടക്കമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടത്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം, റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുക്കി വിഭാഗം നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
തങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മെയ്തി വിഭാഗത്തില്‍പെട്ടവരാണ് കലാപത്തിന് പിന്നിലെന്നും കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് സുപ്രീം കോടതിയില്‍ ആരോപിച്ചു. മണിപ്പുരില്‍ എത്ര കലാപകാരികള്‍ ഉണ്ടെന്ന് എണ്ണം ശേഖരിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കലാപകാരികളുടെ തലയെണ്ണി എണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.