ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം ; വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി ചീഫ് ജസ്റ്റിവ് ഡി.വൈ ചന്ദ്രചൂഡ്

Update: 2024-11-08 14:40 GMT

കോടതി മുറിയിലെ അവസാന പ്രവൃത്തിദിനവും പൂർത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ആരെങ്കിലും പങ്കെടുക്കാൻ കോടതിയിൽ ഉണ്ടാകുമോ എന്നാണ് ആദ്യം കരുതിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ വിരമിക്കൽ ചടങ്ങിന് സാക്ഷിയാകാൻ ഒരുപാട് പേർ വന്നിട്ടുണ്ട്. താൻ ഈ കോടതി വിടുമ്പോൾ ഒരു വ്യത്യാസവും ഉണ്ടാകാൻ പോകുന്നില്ലെന്നും അതിന് കാരണം ജസ്റ്റിസ് ഖന്നയെപ്പോലെ ഒരാൾ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പിൻഗാമിയുടെ കീഴിലുള്ള സുപ്രീം കോടതിയുടെ ഭാവിയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്. രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ ഡി.വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തി ദിനം നവംബർ 10 ഞായറാഴ്ചയാണ്. എന്നാൽ, ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് ഡി.വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവർത്തിദിനമായത്. ഈ സാഹചര്യത്തിൽ വിടവാങ്ങൽ ചടങ്ങും ഇന്ന് തന്നെ സംഘടിപ്പിക്കുകയായിരുന്നു. 

Tags:    

Similar News