മകളുമായി അടുപ്പമുണ്ടെന്ന് സംശയത്തിൽ ജീവനക്കാരനെ ജനനേന്ദ്രിയം ഛേദിച്ചശേഷം കൊലപ്പെടുത്തി കൊടൈക്കനാലിൽ തള്ളിയ കേസിൽ ചെന്നൈയിലെ വ്യവസായിയും മകനും ഉൾപ്പെടെ ആറുപേർക്ക് മദ്രാസ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. എല്ലാ പ്രതികൾക്കുമായി ആകെ 14 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ പത്തുലക്ഷംരൂപ അച്ഛനും മകനും നൽകണം.
ചെന്നൈയിലെ കെ.എസ്.ആർ. ഫ്രൈറ്റ് ഫോർവേഡേഴ്‌സ് സ്ഥാപന ഉടമ എസ്. കൃഷ്ണമൂർത്തി (70), മകൻ കെ. പ്രദീഖ് (31), സഹായികളായ ആർ. കണ്ണൻ (51), എസ്. വിജയകുമാർ (46), ജോൺ (47), എം. സെന്തിൽ (41) എന്നിവർക്കാണ് ശിക്ഷ.
കൃഷ്ണമൂർത്തിയുടെ ഡ്രൈവർ ഹേമകുമാർ എന്ന ബാബുവാണ് കൊല്ലപ്പെട്ടത്. 2010-ജൂണിലാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന കൃഷ്ണമൂർത്തിയുടെ മകളുമായി ഹേമകുമാറിന് അടുപ്പമുണ്ടെന്ന് ഓഫീസിൽ പ്രചാരണമുണ്ടായതാണ് തുടക്കം. ഹേമകുമാറും യുവതിയും തമ്മിൽ വാക്‌തർക്കമുണ്ടായിരുന്നതായും ഒരു ജീവനക്കാരൻ കൃഷ്ണമൂർത്തിക്ക് വിവരംനൽകി.
ഇതോടെ കൃഷ്ണമൂർത്തിയും മകനുംചേർന്ന് ഹേമകുമാറിനെ വധിക്കാൻ ഗൂഢാലോചന തയ്യാറാക്കി. അവരുടെ ക്രോംപേട്ടിലെ അപ്പാർട്ട്മെന്റിലേക്ക് ഹേമകുമാറിനെ കൊണ്ടുപോയി നാലു സഹായികളെക്കൂട്ടി മർദിക്കുകയും ജനനേന്ദ്രിയം ഛേദിച്ചശേഷം കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം കൊടൈക്കനാലിലെത്തിച്ച് പാറയിടുക്കിൽ തള്ളി.
അതിനിടെ, മകനെ കാണാനില്ലെന്ന് ഹേമകുമാറിന്റെ അച്ഛൻ പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിലാണ് കൊടൈക്കനാലിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അഭിരാമിപുരം പോലീസ് കൃഷ്ണമൂർത്തിയെയും മകനെയും നാലു സഹായികളെയും അറസ്റ്റുചെയ്തു.