'വിജയത്തിലേക്കുള്ള ചെറിയ ചുവട് വയ്പ്പ്' ; ലൈംഗിക അതിക്രമ കേസിൽ ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയിൽ പ്രതികരിച്ച് സാക്ഷി മാലിക്

Update: 2024-05-10 16:33 GMT

ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താനുള്ള ഡൽഹി കോടതി ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവെപ്പാണിതെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷി പറഞ്ഞു.

ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനാണ് ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടത്. ഒളിമ്പ്യന്മാരായ സാക്ഷി, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു.

‘നമ്മുടെ നീണ്ട സമരത്തിലേക്കുള്ള ഒരു ചുവടുവെപ്പാണിത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല, യുവ വനിത താരങ്ങൾക്കു വേണ്ടിയാണ്. നമ്മൾ നേരിട്ടത്, ഗെയിംസിൽ വളർന്നുവരുന്ന തലമുറ നേരിടാൻ പാടില്ല. കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് നേരത്തെ ഞങ്ങളെ ചോദ്യം ചെയ്തിരുന്നത്, ഇപ്പോൾ മതിയായ തെളിവുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടുന്നത് വരെ ഞങ്ങൾ പോരാട്ടം തുടരും’ -സാക്ഷി പ്രതികരിച്ചു. ‌‌വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News