'ഒരു ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചു, രാജ്യാന്തര മാധ്യമങ്ങളിൽ നിറയെ രാഹുൽ: ശശി തരൂർ

Update: 2023-03-25 07:42 GMT

ബിജെപി ഒരു ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രതികരണം.

വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളുടെ വാർത്തകളുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.

2019-ലെ 'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത്. ശിക്ഷാവിധി മേൽക്കോടതി തള്ളിയില്ലെങ്കിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. രാഹുലിന്റെ ലോക്‌സഭാ സീറ്റായ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.


Similar News