ശരത് പവാറിന് തിരിച്ചടി; യഥാർത്ഥ എൻ സി പി അജിത് പവാർ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-02-06 14:46 GMT

യഥാർഥ എൻ.സി.പി അജിത് പവാർ പക്ഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി ചിഹ്നത്തിനും അവർക്കാണ് അർഹതയെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇരുപക്ഷത്തിന്റെ വാദങ്ങൾ കേട്ട ശേഷമാണ് തീരുമാനം. പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന അജിത് പവാർ പക്ഷത്തെ കമ്മീഷൻ അംഗീകരിച്ചത് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ശരദ് പവാർ അജിത്തുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിൽ മുതിർന്ന നേതാവായ നവാബ് മാലികും ചേർന്നിരുന്നു. കള്ളപ്പണക്കേസിൽ 18 മാസമായി ജയിലിലായിരുന്ന നവാബ് മാലിക് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കൂറുമാറിയത്. എൻസിപിയുടെ തലമുതിർന്ന നേതാവും മുൻ മന്ത്രിയുമാണ് നവാബ് മാലിക്.

അതിന് ശേഷം സഭയിലെത്തിയ നവാബ് മാലിക് ട്രഷറി ബഞ്ചിലാണ് ഇരുന്നത്. ഇതിന് മുമ്പ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നവാബ് മാലികിന്റെ സ്ഥാനമാറ്റം പ്രതിപക്ഷം ചോദ്യം ചെയ്തു. ബിജെപി തീവ്രവാദി എന്നു വിളിച്ചയാളാണ് ഇപ്പോൾ അവർക്കൊപ്പം നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അംബദാസ് ദാൻവെ പറഞ്ഞിരുന്നു.

നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും നവാബ് മാലിക് സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നവാബ് മാലികിനെ ഇഡി അറസ്റ്റു ചെയ്തത്. ജയിൽ മോചിതനായ ഇദ്ദേഹത്തെ സ്വീകരിക്കാൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എത്തിയിരുന്നു.

Tags:    

Similar News