ലൈംഗികാതിക്രമ കേസ് ; പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

Update: 2024-06-06 11:38 GMT

ലൈം​ഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെം​ഗളൂരുവിൽ വെച്ചാണ് പ്രജ്വൽ അറസ്റ്റിലായത്.

കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.

മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.  

Tags:    

Similar News