പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് ; പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നീക്കവുമായി അന്വേഷണ സംഘം

Update: 2024-05-21 06:34 GMT

ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നീക്കവുമായി അന്വേഷണസംഘം. ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണയെ പിടികൂടാനായി അന്വേഷണ സംഘം പല ശ്രമങ്ങളും നടത്തി. ഒടുവിൽ ഇന്റർപോളിന്റെ സഹായവും തേടി. എന്നിട്ടും പ്രജ്വൽ കാണാമറയത്തുതന്നെ തുടരുകയാണ്. ആദ്യം ജർമനിയിലെത്തിയ പ്രജ്വൽ രേവണ്ണ പിന്നീട് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര നടത്തിയെന്നാണ് കണ്ടെത്തൽ. ഇപ്പോൾ എവിടെ ഉണ്ടെന്നതിൽ ആർക്കും വ്യക്തതയില്ല. പ്രജ്വലിനെ പിടികൂടിയാൽ മാത്രമെ അന്വേഷണത്തിലെ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂ.

പീഡനത്തിനിരയായവർ പൂർണമായും അന്വേഷണത്തോട് സഹകരിക്കാത്ത പശ്ചാത്തലത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രജ്വലിനെ അറസ്റ്റ് ചെയ്യണം. ഇതിനായാണ് എസ് ഐ  ടിയുടെ പുതിയ നീക്കം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ അതിൽ കേന്ദ്ര സർക്കാരിന്റെ അനുകൂല നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പ്രജ്വൽ കീഴടങ്ങേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കിൽ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിയിലേക്ക് വിദേശകാര്യ മന്ത്രാലയം കടക്കില്ല.

Tags:    

Similar News