ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെബി ചെയർപഴ്സന്‍ മാധബി പുരി ബുച്ച്

Update: 2024-08-11 06:42 GMT

അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപഴ്സന്‍ മാധബി പുരി ബുച്ച് രം​ഗത്ത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ വ്യക്തമാക്കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് പറഞ്ഞു.


മാധബിക്കും ഭർത്താവ് ധവാൽ ബുചിനും അദാനിയുടെ വിദേശത്തെ ഷെൽ കമ്പനി കമ്പനിയിൽ നിക്ഷേപ പങ്കാളിത്തമുണ്ടെന്നാണ് വിസിൽബ്ലോവർ വഴി ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി ഹിൻഡൻബർഗ് ആരോപിക്കുന്നത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആദ്യം ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെ നിയന്ത്രണത്തിൽ ബർമുഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത കടലാസ് കമ്പനികൾ വഴി, അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നായിരുന്നു ഉന്നയിച്ച ആരോപണം. ഷെൽ കമ്പനികൾ വഴിയുള്ള നിക്ഷേപം വഴി ഓഹരി വില അനധികൃതമായി പെരുപ്പിക്കുകയും അങ്ങനെ വില കൂടിയ ഓഹരികൾ ഈടുവച്ച് അദാനി നേട്ടമുണ്ടാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചു.


മാത്രമല്ല അന്വേഷിച്ച് നടപടിയെടുക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ആരോപണങ്ങൾ അന്ന് സെബി നിഷേധിച്ചു. വിഷയം പിന്നീട് സുപ്രീം കോടതിയിൽ എത്തിയെങ്കിലും, കേവലം ആരോപണങ്ങൾ മാത്രമാണെന്നും തെളിവില്ലെന്നുമാണ് കോടതിയും നിരീക്ഷിച്ചത്. 2024 ജൂൺ 27ന് സെബി ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

Tags:    

Similar News