'ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ കൊള്ളാം'; എണ്ണിപ്പറഞ്ഞ് യുപിയില്‍ അഖിലേഷ് യാദവ്
സംഘ്പരിവാരിന്റെ തീവ്ര മുഖവും ആര്‍എസ്എസ് വര്‍ഗീയ അജണ്ടകളുടെ സൂത്രധാരനുമായ ആതിദ്യനാഥ് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. '80 ഹരാവോ, ബിജെപി ഹഠാവോ' (80ലും പരാജയപ്പെടുത്തൂ, ബിജെപിയെ തോൽപ്പിക്കൂ) എന്ന ഹാഷ്ടാഗോടെ ഉത്തർപ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അഖിലേഷിന്റെ ട്വീറ്റ് വൈറലാവുകയാണ്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ഉത്തർപ്രദേശിലെ എല്ലാ ലോക്‌സഭ സീറ്റുകളിലും അവര്‍ പരായജപ്പെടണമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. ആതിദ്യനാഥ് സര്‍ക്കാരിന്റെ കഴിവുകേടുകളോരോന്നും അദ്ദേഹം എണ്ണിയെണ്ണി പറയുന്നുമുണ്ട്.
'ഭരണകക്ഷിയിലെ എംപിക്കെതിരെ എഫ്ഐആർ ചുമത്തേണ്ടിവരുന്നു. വെള്ളിക്കൊള്ളയിൽ പൊലീസുകാർ ഉൾപ്പെടുന്നു. മോഷ്ടിക്കപ്പെട്ട സാധനങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തുന്നു. ബിജെപിയുടെ ഡബിൾ എന്‍ജിൻ സർക്കാർ കൊള്ളാം'- അഖിലേഷിന്റെ ട്വീറ്റില്‍ പറയുന്നു. യുപി കന്നൗജിൽ നിന്നുള്ള ബിജെപി എംപിയായ സുബ്രത് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഒരു പൊലീസുകാരന്റെ വീട്ടിൽ നിന്ന് കാണാതായ വെള്ളി പാത്രവും കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള പരാമർശമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ബിജെപി സർക്കാരിന്റെ കീഴിൽ യുപിയിൽ കൊലപാതകം, ബലാത്സംഗം, കൊള്ള, അഴിമതി എന്നിവയാണ് നടക്കുന്നതെന്ന് നേരത്തെ അഖിലേഷ് യാദവ് പ്രസ്താവിച്ചിരുന്നു. രാജ്യനിർമ്മിത പിസ്റ്റളുകളുടെ വിതരണത്തിനും നിർമ്മാണത്തിനുമുള്ള നിക്ഷേപക ഉച്ചക്കോടിയിൽ ഒപ്പുവച്ചിട്ടുണ്ടോ? നൈപുണ്യ വികസനത്തിന് കീഴിൽ കുറ്റകൃത്യങ്ങൾക്കുള്ള പരിശീലനം നൽകുന്നുണ്ടോ? എന്ന് ചോദിച്ച അഖിലേഷ്, വ്യാപാരികൾക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിന് പകരം അവരെ കൊള്ളയടിക്കുകയാണെന്നാണ് വിശദീകരിച്ചത്.
'എന്തുകൊണ്ടാണ് മൂക്കിൻ തുമ്പത്ത് നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി കാണാത്തത്? കുറ്റകൃത്യങ്ങളോടും അഴിമതിയോടും സീറോ ടോളറൻസ് എന്ന അവകാശവാദം എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഓർക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.