'സമ്മർദ്ദവും ഭീഷണിയും'; ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്‌സോ ഒഴിവാക്കിയതിൽ സംശയമുന്നിയിച്ച് സാക്ഷി മാലിക്
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സംശയമുന്നയിച്ച് സാക്ഷി മാലിക്. പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിൻവലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു.
'പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമായിരുന്നു. പരാതി പിൻവലിക്കാൻ സാധിക്കില്ലായിരുന്നു. മറ്റുള്ള പെൺകുട്ടികളും ലൈംഗികാതിക്രമ പരാതികളുമായി മുമ്പോട്ട് വരുമായിരുന്നു. ഇതിൽ സമ്മർദ്ദവും ഭീഷണിയും ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. എന്താണ് ചെയ്യാൻ സാധിക്കുക എന്ന് കോടതി തീരുമാനിക്കട്ടെ' - സാക്ഷി മാലിക് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
തങ്ങളുടെ നിയമവിദഗ്ദരുമായി ചർച്ച ചെയ്ത് തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്ന് സാക്ഷി മാലിക് പറഞ്ഞു. 'കുറ്റപത്രം ശക്തമാണെന്നും ബ്രിജ് ഭൂഷണെതിരായി കോടതിയിൽ വാദിക്കാൻ പര്യാപ്തമാണെന്നും നിയമവിദഗ്ധർ പറയുകയാണെങ്കിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാം. കോടതി വാദം കേട്ട ശേഷം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താൽ മാത്രമേ ലൈംഗികാതിക്രമം നേരിട്ട ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കൂ' - സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷണെതിരെ തെളിവില്ലാത്തതിനാൽ പോക്സോ കേസ് അവസാനിപ്പിക്കണമെന്നാണ് പട്യാല പോലീസിന്റെ ആവശ്യം. കേസ് ഇനി ജൂലായ് നാലിന് കോടതി പരിഗണിക്കും.