'ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നു'; വിമർശനവുമായി വിദേശകാര്യ മന്ത്രി
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ജയ്ശങ്കറും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 1974ൽ മുൻവിദേശകാര്യ വകുപ്പ് മന്ത്രി സ്വരാൻ സിംഗിന്റെ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും തെക്കുകിഴക്കൻ തീരത്തിനിടയിൽ സമുദ്രാതിർത്തി നിർണയിക്കുന്ന ഭാഗമായ പാക്ക് കടലിടുക്കുമായി ബന്ധപ്പെട്ട കരാർ ഇരുരാജ്യങ്ങൾക്കും നീതിയുക്തമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാർ അവസാനിപ്പിച്ചാലും ജനങ്ങൾക്ക് മത്സ്യബന്ധനത്തിനുളള അവകാശവും വിനോദസഞ്ചാരത്തിനുളള സ്വാതന്ത്ര്യവും ഭാവിയിലും സുഗമമായി തുടരുമെന്നും മുൻ വിദേശകാര്യ മന്ത്രി സ്വരാൻ പറഞ്ഞതായി ജയശങ്കർ അറിയിച്ചു. രണ്ട് വർഷത്തിനുളളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മറ്റൊരു കരാറിൽ ഒപ്പുവയ്ക്കുമെന്നും ജയശങ്കർ പറഞ്ഞു. കരാറിൽ ഇന്ത്യ രണ്ട് ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കാൻ പോകുന്നത്.
രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതത് മേഖലകളിലുളള വിഭവങ്ങളിൽ കൂടുതൽ പരമാധികാരം വിനിയോഗിക്കും. ഇന്ത്യ ശ്രീലങ്കയുമായി ബന്ധമുളള സമുദ്രാർതിർത്തികളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ കഴിഞ്ഞ ദിവസം നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.