ഹരിയാനയിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈനിങ് ഗാർഡ്, ജയിൽ വാർഡൻ, സ്പെഷ്യൽ പൊലീസ് ഓഫീസർ തസ്തികകളിലാണ് മുഖ്യമന്ത്രി നയാബ് സിങ് സൈനി സംവരണം പ്രഖ്യാപിച്ചത്. യുവാക്കളുടെ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനാണ് പുതിയ നടപടി.
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ രംഗത്തുവരുന്നത്. നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിവീർ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടും നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.
അഗ്നിവീര്‍ സൈനികരെ കേന്ദ്രം അവഗണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അഗ്നിവീര്‍ സൈനികര്‍ക്ക് കേന്ദ്രം യാതൊരു രീതിയിലുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നും ജോലിക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരം പോലും കൊടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അഗ്നിവീര്‍ സൈനികര്‍ വെറും യൂസ് ആന്‍ഡ് ത്രോ മെറ്റീരിയല്‍ മാത്രമാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.