മൈക്രോസോഫ്റ്റ് തകരാർ; തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ അതിന്റെ ആഘാതം വിലയിരുത്താന്‍ സമഗ്രമായ പരിശോധന നടത്തിയെന്ന് അര്‍.ബി.ഐ
ആഗോളതലത്തിലെ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടതിനെത്തുടർന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അതിന്റെ ആഘാതം വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പത്ത് ബാങ്കുകളേയും ബാങ്കിതരധനകാര്യസ്ഥാപനങ്ങളേയും മൈക്രോസോഫ്റ്റ് തകരാർ ബാധിച്ചുവെന്ന് കണ്ടെത്തിയതായും ഇതിൽ പലതും പരിഹരിച്ചതായും ആർ ബി ഐ അറിയിച്ചു. മാത്രമല്ല ബാക്കിയുള്ളവ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അർ.ബി.ഐ പറയുന്നു.
മിക്ക ബാങ്കുകളുടേയും പ്രധാനസിസ്റ്റങ്ങൾ ക്ലൗഡിൽ ഹോസ്റ്റ് ചെയ്തിട്ടില്ല. വളരെക്കുറച്ച് സ്ഥാപനങ്ങൾ മാത്രമേ സൈബർ സുരക്ഷയ്ക്കുവേണ്ടി ക്രൗഡ്‌സ്‌ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് നിർദേശിച്ചതായും ഇന്ത്യൻ സാമ്പത്തിക മേഖലയെ മൈക്രോസോഫ്റ്റ് തകരാർ വ്യാപകമായി ബാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു.