സ്വർണക്കടത്തിലും ഇന്ത്യ സഖ്യ നേതാക്കൾ പങ്കാളികൾ; സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

Update: 2024-05-30 05:45 GMT

ശശി തരൂർ എംപിയുടെ മുൻ സ്റ്റാഫ് അംഗം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

തരൂരിന്റെ സ്റ്റാഫെന്ന് അവകാശപ്പെട്ട ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. യാത്രക്കാരനിൽനിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. 

ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു. തന്‍റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

Tags:    

Similar News