രാജസ്ഥാൻ തെരഞ്ഞെടുപ്പ്; 56 സീറ്റിൽ അധികം കോൺഗ്രസ് നേടിയാൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നമസ്കരിക്കുമെന്ന് ബിജെപി

Update: 2023-11-20 07:07 GMT

പരസ്യ പ്രചാരണം അവസാനിക്കാന്‍ നാല് ദിനം മാത്രം ശേഷിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി. 56ൽ അധികം സീറ്റുകള്‍ നേടിയാല്‍ അശോക് ഗലോട്ടിനെ നമസ്ക്കരിക്കുമെന്ന് രാജസ്ഥാന്‍റെ പ്രചാരണ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. അതേ സമയം അറുപതിലധികം സീറ്റുകളിലെ ചെറുപാര്‍ട്ടികളുടെ സാന്നിധ്യം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ തലവേദനയാണ്

2013ലെ 163 സീറ്റെന്ന റെക്കോര്‍ഡ് ഇക്കുറി മറികടക്കുമെന്നാണ് അവസാന ഘട്ടമെത്തുമ്പോള്‍ ബിജെപിയുടെ ആത്മവിശ്വാസം. ഒടുവില്‍ പുറത്ത് വന്ന അഭിപ്രായ സര്‍വേകള്‍ രാജസ്ഥാനില്‍ ഭരണ മാറ്റം പ്രവചിക്കുന്നു.സുരക്ഷിതമാണെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേയുടെയും പ്രവചനം. സംസ്ഥാന നേതൃത്വത്തെ നിര്‍വീര്യമാക്കും വിധം മോദി അമിത് ഷാ ദ്വയങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പ്രചാരണം. താമരയാണ് മുഖമെന്ന് പറഞ്ഞ മോദി തന്നെ പിന്നീട് മുഖമായ കാഴ്ചയാണ് പ്രചാരണത്തിലെവിടെയും കാണാനായത്. കേന്ദ്രവിഷ്കൃത പദ്ധതികള്‍ മുതല്‍ അയോധ്യയിലെ രാമക്ഷേത്രം വരെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാണ്.

വിമത നീക്കം നടത്തുന്നവര്‍, അത് എത്ര വലിയവരായാലും പാര്‍ട്ടിയിലുണ്ടാകില്ലെന്ന മുന്നറിയിപ്പ് വസുന്ധരയെ ഉന്നമിട്ടും നല്‍കിയിരിക്കുകയാണ്. വസുന്ധര പാര്‍ട്ടിയോട് പൂര്‍ണ്ണമായും സഹകരിക്കുന്നുവെന്നാണ് അവരുടെ നിസഹകരണത്തിനിടയിലും ബിജെപിയുടെ അവകാശവാദം. അതേ സമയം രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, ഭാരതീയ ആദിവാസി പാര്‍ട്ടി, ഭരതീയ ട്രൈബല്‍ പാര്‍ട്ടി, ബിഎസ്പി, ചന്ദ്രശേഖര്‍ ആസാദിന്‍റെ ആസാദ് സമാജ് പാര്‍ട്ടിയടക്കം 78 ചെറുകക്ഷികളാണ് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയുയര്‍ത്തി മത്സര രംഗത്തുള്ളത്. 

Tags:    

Similar News