ഹാത്രാസ് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുൽ ഗാന്ധി സന്ദർശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാരാണ്. യോഗി സർക്കാരിന്‍റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ഈ തുക തീരെ കുറവാണെന്ന് രാഹുൽ പ്രതികരിച്ചു. പാവപ്പെട്ടവരാണ് മരിച്ചത്.
അതിനാൽ സഹായധനം വർദ്ധിക്കപ്പണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാവിലെ അലിഗഡിൽ എത്തിയ രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയാണ് ആദ്യം കണ്ടത്. തുടർന്ന് പരിക്കേറ്റവരെ സന്ദർശിച്ചു. ഹാത്രാസ് സംഭവം യുപി സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുലിന്‍റെ സന്ദർശനം.
കേസിൽ അറസ്റ്റിലായ ആറ് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി ശിവ പ്രകാശ് മധുക്കറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചു. പരിപാടിക്ക് അനുമതി തേടിയവർക്കെതിരെയാണ് നിലവിൽ കേസ് എടുത്തതെന്നും ഭോലെ ബാബയുടെ പേരിൽ അല്ല അനുമതി നൽകിയതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇക്കാരണത്താലാണ് ബാബക്കെതിരെ കേസ് എടുക്കാത്തതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഭോലെ ബാബ എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഭോലെ ബാബയുടെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി അഭിഭാഷകൻ എ പി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.
ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. തിക്കിലും തിരക്കിലും പെട്ട് 130 പേരാണ് മരിച്ചത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നതായി വ്യക്തമായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഇന്നലെ യോഗം ചേർന്നു. ദൃക്സാക്ഷികളുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെയും മൊഴി എടുക്കും. കമ്മീഷൻ സംഭവ സ്ഥലം സന്ദർശിക്കും