രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി, വയനാട് ഒഴിയുന്നതിൽ തീരുമാനം ഉടൻ
രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. രാഹുൽ പ്രമേയത്തെ എതിർത്തില്ല. ഇന്നു വൈകിട്ട് 5നു ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക.
ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗം പ്രശംസിച്ചു. തിരിച്ചുവരവിനായി കോൺഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാർട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തുടനീളം ഉടനടി സാമൂഹിക-സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കർഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളിൽ തീരുമാനമുണ്ടാക്കാനും പാർട്ടി സമ്മർദ്ദം ചെലുത്തുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കി
അതേസമയം, റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.