അയോഗ്യത അദാനി–മോദി ബന്ധം ഉന്നയിച്ചതിന്; ഇതുകൊണ്ടൊന്നും എന്നെ നിശബ്ദനാക്കാനാകില്ല: രാഹുൽ ഗാന്ധി

Update: 2023-03-25 08:05 GMT

 'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ആക്രമണം കടുപ്പിച്ചാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അദാനി–മോദി ബന്ധം ലോക്സഭയിൽ ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരായ അയോഗ്യതാ നടപടിയെന്ന് രാഹുൽ ആരോപിച്ചു.

'അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉന്നയിച്ചത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട.' – രാഹുൽ വ്യക്തമാക്കി.

'അദാനി–മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല.'

''ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാരും കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്' – രാഹുൽ ചൂണ്ടിക്കാട്ടി.

'ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഞാൻ പിൻമാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാൽ അവർക്കു തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരടി പോലും പിന്നോട്ടില്ല' – രാഹുൽ പറഞ്ഞു.

Similar News