രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി

Update: 2024-06-26 00:46 GMT

ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്കിടയിലും സ്വീകാര്യത വർധിക്കുമെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ തയാറാകുകയായിരുന്നു.

പതിനെട്ടാമത് ലോക്‌സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ?ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

Tags:    

Similar News