രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായത് ബിഹാറിൽ വലിയ സ്വാധീനം ഉണ്ടാക്കും ; ആർ ജെ ഡി

Update: 2024-06-27 11:10 GMT

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായത് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളിലും പ്രത്യേകിച്ച് പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്ന സംസ്ഥാനങ്ങളിൽ ശുഭാപ്തിവിശ്വാസം ഉയർത്തിയിട്ടുണ്ട്. ബിഹാറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പുതിയ പദവി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി)ന്‍റെ വിലയിരുത്തല്‍.

"ഇപ്പോൾ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായിക്കഴിഞ്ഞു, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലും തേജസ്വി യാദവും എൻഡിഎയെ പരാജയപ്പെടുത്തുമെന്നതിനാൽ ഇത് സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തും."ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിലുള്ള സഖ്യത്തെ പരാമര്‍ശിച്ചുകൊണ്ട് കാതലായ വിഷയങ്ങളിൽ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവിധ മേഖലകളിൽ കാലുറപ്പിക്കുന്നതില്‍ ബി.ജെ.പിക്ക് വെല്ലുവിളിയായെന്നും ചൂണ്ടിക്കാട്ടി.

400 സീറ്റുകൾ കടക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപി 240 സീറ്റിൽ ഒതുങ്ങിയത് രാഹുൽ ഗാന്ധിയുടെയും തേജസ്വിയുടെയും സ്വാധീനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.''കേന്ദ്രത്തിൽ എൻഡിഎ സർക്കാർ രൂപീകരിച്ചിട്ടുണ്ടാകാം. എന്നാൽ പ്രതിപക്ഷ ശബ്ദം ഇനി അവഗണിക്കപ്പെടുകയില്ല, എല്ലാ പ്രതിപക്ഷ പാർട്ടികളും ശക്തമായി ശബ്ദമുയർത്തും'' തിവാരി കൂട്ടിച്ചേര്‍ത്തു.

ഡൽഹിയിൽ ചേർന്ന 'ഇന്‍ഡ്യ' സഖ്യയോ​ഗത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനമായത്. രാഹുൽ ​ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകിയതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചൊവ്വാഴ്ച രാത്രി അറിയിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. പ്രതിപക്ഷ നേതാവിനെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ലോക്‌സഭാ സീറ്റുകൾ നേടാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഏതാനും സ്വതന്ത്രസ്ഥാനാർഥികൾ കൂടി പിന്തുണ നല്‍കിയതോടെ 100 ലേറെ അംഗങ്ങൾ കോൺഗ്രസിനുണ്ട്.

Tags:    

Similar News