രാഹുൽ ഗാന്ധിയും , പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിച്ചേക്കും ; പ്രഖ്യാപനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ട് തെരഞ്ഞെടുപ്പ് സമിതി

Update: 2024-04-28 14:53 GMT

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. രാഹുല്‍ അമേഠി സന്ദര്‍ശിച്ചേക്കും. അമേഠിയില്‍ പ്രിയങ്കയെ ഇറക്കി റായ്ബറേലി സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലോയെന്ന ആലോചനയും പാര്‍ട്ടിയിലുണ്ട്. അതേസമയം പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്കക്ക് മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോൺഗ്രസ് സജീവമാക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നില്‍ക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോൺ​ഗ്രസ് നേതൃത്വം നിർദ്ദേശം നില്‍കിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഔദ്യോ​ഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടു, രാഹുൽഗാന്ധി മത്സരിച്ചു. ജനങ്ങൾ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നുമായിരുന്നു ഖർഗെ പറഞ്ഞത്. അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി. 

Tags:    

Similar News