ലോക്സഭയിൽ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നേർക്കുനേർ ; രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ സഭയിൽ ബഹളം , ഇടപെട്ട് പ്രധാനമന്ത്രി

Update: 2024-07-01 10:25 GMT

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോര്. 'ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

'രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾ ബിജെപിയുടെ ആശയങ്ങൾ പ്രതിരോധിച്ചു, ഭരണഘടനയ്ക്കെതിരായ അക്രമത്തെ ചെറുത്തു. ഇപ്പോഴും ഇത്തരം ആശയങ്ങളെ എതിർത്ത പലരും ജയിലിലാണ്, ചിലർ പുറത്തിറങ്ങി. ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. സർക്കാറിന്റെ ഉത്തരവ് പ്രകാരവും, പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരവുമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. തന്റെ പാർലമെന്റ് അംഗത്വം പോലും റദ്ദാക്കപ്പെട്ടു, 24*7 ആക്രമിക്കപ്പെട്ടു. 55 മണിക്കൂർ ഇഡി എന്നെ ചോദ്യം ചെയ്തു, അത് ഞാന് ആസ്വദിച്ചു.

പ്രസംഗത്തിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശം. പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാൾ ശക്തിയുണ്ട് ഇതിന്. ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ശിവന്റെ പിറകിലാണ് ത്രിശൂലമുള്ളത്. അഹിംസയുടെ പ്രതീകം കൂടിയാണ് ശിവൻറെ ചിത്രത്തിലുള്ളത്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രസംഗത്തിൽ ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രിണെന്നും മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാൾ അജ്ഞതയുണ്ടോ ? ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റെയല്ല. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ സദാസമയവും വെറുപ്പ് പറയുന്നു. നിങ്ങൾ ഹിന്ദുവല്ലെന്നും സത്യത്തിനൊപ്പമുള്ളവരാണ് ഹിന്ദുവെന്നും മോദിയോടും ബിജെപിയോടും രാഹുൽ പറഞ്ഞു. നരേന്ദ്രമോദി ഹിന്ദു സമാജം മുഴുവനല്ല. ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദു സമാജമല്ല.

അയോധ്യ

ഈ രാജ്യത്ത് എത്രത്തോളം ഭയം നിങ്ങൾ നിറച്ചു. അയോധ്യയിൽ ക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോൾ അംബാനിയും അദാനിയുമുണ്ട്. എന്നാൽ അയോധ്യവാസികൾ ഉണ്ടായിരുന്നില്ല. ഉദ്ഘാടന ദിവസം അവിടുത്തെ സാധാരണക്കാരെയും കൃഷിക്കാരെയും അടുത്തേക്ക് പോലും പോകാനനുവദിച്ചില്ല. മോദി അയോധ്യയിൽ മത്സരിക്കണോയെന്ന് രണ്ട് തവണ പരിശോധിച്ചു. സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് വാരാണസിയിൽ മത്സരിച്ച് രക്ഷപ്പെട്ടത്. രാവിലെ തന്നെ കണ്ടപ്പോൾ രാജ്നാഥ് സിംഗ് ചിരിച്ചു, മോദി ചിരിച്ചില്ല.

അഗ്നിവീർ

അഗ്നിവീർ പദ്ധതിയിൽ സൈന്യത്തിൽ ചേർന്ന യുവാവ് വീരമൃത്യ വരിച്ചു. എന്നാൽ വീരമൃത്യുവെന്ന് അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഗ്നിവീർ പദ്ധതി നിങ്ങൾക്ക് മികച്ചതാകും. എന്നാൽ തങ്ങൾ അത് റദ്ദാക്കുമെന്ന് രാഹുൽ പറഞ്ഞു.

മണിപ്പൂർ

പ്രധാനമന്ത്രിക്ക് മണിപ്പൂർ സംസ്ഥാനം പോലുമല്ല, അവിടെ കലാപവുമില്ല എന്നാണ് പ്രധാനമന്ത്രി കരുതുന്നത്. നോട്ട് നിരോധനത്തെയും പരാമർശിച്ച് രാഹുൽ, പെട്ടെന്ന് ഒരു ദിവസം 8 മണിക്ക് മോദിക്ക് ദൈവത്തിന്റെ സന്ദേശം ലഭിച്ചോയെന്ന് അറിയില്ലെന്നായിരുന്നു നോട്ട് നിരോധനത്തെ കുറിച്ചുളള രാഹുലിന്റെ പരാമർശം.

കർഷകരെ കുറിച്ച് രാഹുൽ

കർഷകരെ ഭയപ്പെടുത്താൻ 3 നിയമങ്ങൾ ഉണ്ടാക്കി. എന്നാൽ അത് അംബാനിക്കും അദാനിക്കും വേണ്ടിയായിരുന്നു. ഇപ്പോഴും ഹരിയാനയിൽ രണ്ടിടത്ത് റോഡിൽ സമരമാണ്. നിങ്ങൾ കർഷകരെ തീവ്രവാദികളെന്ന് വിളിച്ചു. കോടികളുടെ കടം ധനികർക്ക് വേണ്ടി എഴുതിത്തള്ളുമ്പോൾ തങ്ങളുടെ കടവും എഴുതിത്തള്ളണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്.സർക്കാർ അനുവദിച്ചില്ല. താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്നതാണ് വിഷയമെന്നും രാഹുൽ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെടണമെന്ന് അമിത് ഷാ ആവശ്യപ്പട്ടു. കർഷകരെ തീവ്രവാദികളെന്ന് വിളിച്ചിട്ടില്ലെന്ന് അമിത് ഷാ. കൃഷി മന്ത്രി ശിവരാജ് സിംഗ് ചൌഹാനും ഇടപെട്ടു.

നീറ്റ് വിഷയം

രാജ്യത്ത് പുതിയ ഫാഷനായി നീറ്റ് മാറ്റിയെന്ന് രാഹുൽ തുറന്നടിച്ചു. നീറ്റ് പ്രൊഫഷണൽ പരീക്ഷയല്ല. 7 വർഷത്തിനിടെ 70 തവണ ചോദ്യപേപ്പർ ചോർന്നു.  

Tags:    

Similar News