നിർമല സീതാരാമനും എസ്.ജയശങ്കറും ലോക്​സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന

Update: 2024-02-27 07:55 GMT

ബിജെപി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും എസ്.ജയശങ്കറും ലോക്​സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഇരുവരും രാജ്യസഭാംഗമാണ്. പക്ഷെ ഇരുവരും തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല. ഇത്തവണ ഇരുവരെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജോഷി പറഞ്ഞു. ഇവർ കർണാടകയിൽ നിന്നാണോ മത്സരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

‘‘മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്തകൾ വരുന്നുണ്ട്. അവർ മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കർണാടകയിൽ നിന്നാണോ, അതോ മറ്റെവിടെ നിന്നെങ്കിലും ആണോ അവർ ജനവിധി തേടുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.’’ പ്രഹ്ളാദ് ജോഷി പറഞ്ഞു. ‌‌

രാജ്യസഭയിൽ നിർമല സീതാരാമൻ പ്രതിനിധീകരിക്കുന്നത് കർണാടകയെയാണ്. ജയശങ്കർ ഗുജറാത്തിനെയും.  2008–ലാണ് നിർമല സീതാരാമൻ ബിജെപിയിൽ ചേരുന്നത്. 2014–വരെ പാർട്ടി വക്താവായിരുന്നു അവർ. നരേന്ദ്രമോദി പ്രധാനമന്ത്രിയായ സമയത്താണ് നിർമല മന്ത്രിസഭയിലെത്തുന്നത്. അതേ വർഷം അവർ ആന്ധ്രയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തി. 2017–19 കാലയളവിൽ നിർമല സീതാരാമൻ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 

നയതന്ത്രജ്ഞനായിരുന്ന എസ്.ജയശങ്കർ 2019–ലാണ് മോദി മന്ത്രിസഭയിലെത്തുന്നത്. ഇന്ത്യൻ വിദേശകാര്യ നയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ജയശങ്കറിനെ സോഷ്യൽ മീഡിയയിലെ താരമാക്കി മാറ്റിയിരുന്നു. 

Tags:    

Similar News