തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Update: 2024-03-20 07:10 GMT

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്‌ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്ന് കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. 'പ്രകടനപത്രിക സമിതിയുടെ തലവനാകാൻ എന്നെ അനുവദിച്ചതിന് ഞങ്ങളുടെ നേതാവ് എം.കെ.സ്റ്റാലിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുന്നു. ഈ ദ്രാവിഡ മോഡൽ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങളാണ് ചെയ്തത്. നമ്മുടെ ദ്രാവിഡ മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പ് പ്രകടനപത്രിക നമ്മെ സഹായിക്കും. തമിഴ്നാട്ടിൽ 39 സീറ്റുകൾ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യാ മുന്നണി നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്' കനിമൊഴി പറഞ്ഞു.

അതേസമയം തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ. 21 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ. 16 സീറ്റുകളിലേക്കുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 39 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്.

ഡി.എം.കെ. സ്ഥാനാർഥിയായി സെൻട്രൽ ചെന്നൈയിൽ ദയാനിധി മാരൻ മത്സരിക്കും. ശ്രീപെരുംപതൂരിൽ ടി.ആർ. ബാലു വീണ്ടും മത്സരിക്കും. നീലഗിരിയിൽ എ രാജയും തൂത്തുക്കുടിയിൽ കനിമൊഴിയും വീണ്ടും ജനവിധി തേടും. സി.പി.എമ്മിൽനിന്ന് ഏറ്റെടുത്ത കോയമ്പത്തൂരിൽ ഗണപതി രാജ്കുമാറാണ് സ്ഥാനാർഥി. കോൺഗ്രസിൽനിന്ന് ഏറ്റെടുത്ത ആറണിയിൽ ധരണി വെന്തനും തേനിയിൽ തങ്ക തമിഴ്സെൽവനും മത്സരിക്കും. 21 പേരിൽ 11 സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്. മൂന്നുപേരാണ് വനിതാസ്ഥാനാർഥികൾ.

Tags:    

Similar News